കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഓർത്തോഡോൻഡിക് വിഭാഗത്തിലെ അധ്യാപകർ ഉൾപ്പെടെയുള്ള മുഴുവൻ ജീവനക്കാരും അപ്രതീക്ഷിതമായി രാജി സമർപ്പിച്ചു. .ഓർത്തോഡോൻഡിക് വിഭാഗത്തിൽ ആകെ ഏഴ് ജീവനക്കാരുണ്ട് . ഇവരാണ് രാജിക്കത്ത് നൽകിയത്. എന്നാൽ കോളേജ് മാനേജ്മെന്റ് രാജി കത്തുകൾ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട് .
നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകർ ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർ സംസ്ഥാനം വിട്ടിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ ഇവർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഹർജി 22 ന് പരിഗണിക്കും.
ആത്മഹത്യാ പ്രേരണാക്കുറ്റം, പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തതിനെത്തുടർന്ന് ഒളിവിൽ പോയ ഇരുവരും വ്യത്യസ്ത അഭിഭാഷകർ മുഖേനയാണ് ഹർജി സമർപ്പിച്ചത്. ഇരുവർക്കുമെതിരെ ഉടൻ തന്നെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പ്രഖ്യാപിച്ചു. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഡോക്ടർ റാമിന്റെയും ഡോ. സംഗീതയുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നുണ്ട്.
ഓൺലൈൻ അപേക്ഷയിലൂടെ നടത്തിയ വായ്പാ ഇടപാടുകളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ മരണത്തിൽ ദേശീയ ഡെന്റൽ കമ്മീഷൻ പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടി. ആരോഗ്യ സർവകലാശാലയിൽ നിന്നുള്ള പ്രത്യേക സംഘം ഇന്നലെ കോളേജിൽ തെളിവെടുപ്പ് നടത്തി. ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.

