കോട്ടയം : കോട്ടയത്ത് ലഹരിക്ക് അടിമയായ യുവാവ് നാൽപ്പത്തിനാലുകാരനെ കിണറ്റിൽ തള്ളിയിട്ടു. ഇലയ്ക്കാട് കല്ലോലിൽ കെ ജെ ജോൺസനെയാണ് ഇലയ്ക്കാട് സ്വദേശി നിധിൻ തള്ളിയിട്ടത്.
വീട്ടിലേക്ക് സാധനങ്ങൾ വാങ്ങുവാനായി ജോൺസൺ കടയിൽ പോകുന്ന വഴിയായിരുന്നു സംഭവം. സംശയകരമായ സാഹചര്യത്തിൽ വഴിയിൽ നിൽക്കുന്ന നിതിനെ ജോൺസൺ ചോദ്യം ചെയ്തിരുന്നു. ഇതിൽ അസ്വസ്ഥനായ നിതിൻ ജോൺസനെ കിണറ്റിൽ തള്ളിയിടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ജോൺസനെ കയറിട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് പാലായിൽ നിന്നുള്ള ഫയർഫോഴ്സും മരങ്ങാട്ടുപിള്ളി പോലീസും ചേർന്നാണ് ജോൺസനെ രക്ഷിച്ചത്.
വീഴ്ചയുടെ ആഘാതത്തിൽ ജോൺസന് പരിക്ക് പറ്റിയിരുന്നു . തുടർന്ന് കുറവിലങ്ങാട് ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറാണ് ജോൺസൺ.