കൊല്ലം : മുൻ എംഎൽഎയും സിപിഎം നേതാവുമായ എം സ്വരാജിന്റെ വിവാദ പ്രസംഗത്തിൽ റിപ്പോർട്ട് തേടി കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി . ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സ്വരാജിന്റെ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് കോടതി റിപ്പോർട്ട് തേടിയത് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്.
പ്രസംഗത്തിന്റെ വീഡിയോ സഹിതമാണ് വിഷ്ണു സുനിൽ കൊല്ലം വെസ്റ്റ് പോലീസിൽ അദ്ദേഹം ആദ്യം പരാതി നൽകിയത്. എന്നാൽ വെസ്റ്റ് പോലീസ് നടപടി എടുത്തില്ല തുടർന്ന് വിഷ്ണു കോടതിയെയും സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു. 2018-ൽ കേരളത്തിൽ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിന് കാരണം മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണെന്നാണ് വിവാദ പ്രസംഗത്തിൽ സ്വരാജ് പറഞ്ഞത് . ഇത് അയ്യപ്പന്റെ ബ്രഹ്മചര്യത്തെ അവസാനിപ്പിച്ചുവെന്നും സ്വരാജ് പറഞ്ഞു. ആ സമയത്ത് ഈ പ്രസംഗം വിവാദമായിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വരാജിന്റെ അപ്രതീക്ഷിത പരാജയത്തിനും കാരണം ഈ പ്രസംഗമാണെന്നാണ് നിഗമനം.

