ചെന്നൈ: തമിഴ്നാട്ടിലെ ഡിണ്ടിഗലിനടുത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി സാബു ജോൺ (59) ന്റേതാണ് മൃതദേഹം. സ്ഫോടനത്തിലാണ് മരണമെന്നാണ് സൂചന. മരിച്ചയാളുടെ മൃതദേഹം അഴുകിയ നിലയിലാണ് . മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനരികിൽ നിന്നു ബാറ്ററി, വയർ എന്നിവ കണ്ടെത്തി . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
തമിഴ്നാട്ടിലെ ഒരു മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സാബു ജോൺ ഒരു മാസം മുമ്പ് ഡിണ്ടിഗലിലേക്ക് പോയിരുന്നു. ഒരാഴ്ചയായി ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. സിരുമല വനമേഖലയ്ക്ക് സമീപമുള്ള പതിനേഴാം ഹെയർപിൻ വളവിനടുത്തുള്ള ഒരു സ്വകാര്യ എസ്റ്റേറ്റിന്റെ ഭാഗത്താണ് മൃതദേഹം കണ്ടത് . പ്രദേശത്ത് ദുർഗന്ധം കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയത അന്വേഷണത്തിനൊടുവിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്.
പരിശോധനയ്ക്കിടെയും സ്ഫോടനം ഉണ്ടായി, മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. അവരെ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.