തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് തിരിച്ചടി . സർവകലാശാല യൂണിയൻ പിരിച്ചുവിടാനുള്ള വിസിയുടെ നടപടി കോടതി സ്റ്റേ ചെയ്തു. യൂണിയന് കാലാവധി അവസാനിക്കുന്നതുവരെ പ്രവർത്തനങ്ങൾ തുടരാമെന്നും സർവകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
സർവകലാശാല കലാമേളയുമായി ബന്ധപ്പെട്ട് വിസിയും എസ്എഫ്ഐ നയിക്കുന്ന സർവകലാശാല യൂണിയനും തമ്മിൽ കുറച്ചുനാളായി തർക്കമുണ്ടായിരുന്നു. കലാമേള സംഘടിപ്പിക്കാത്തതിലും കായികതാരങ്ങൾക്ക് ടിഎ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധം നടത്തിയിരുന്നു. ഇതിനെത്തുടർന്ന് നാടകീയ നീക്കങ്ങളിലൂടെ യൂണിയൻ പിരിച്ചുവിടാൻ വിസി ഉത്തരവിട്ടു. പ്രതിഷേധത്തിനിടെ യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്ത് നീക്കി. ഈ മാസം 28 വരെ നിയമപരമായ കാലാവധിയുള്ള യൂണിയൻ മരവിപ്പിച്ച വിസിയുടെ നടപടിക്കെതിരെ എസ്എഫ്ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കലോത്സവം നടത്താൻ അനുവദിക്കണമെന്നും നേരത്തെ ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾക്ക് അനുമതി നൽകണമെന്നും വിദ്യാർത്ഥികൾ കോടതിയോട് അഭ്യർത്ഥിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ട്, കാലാവധി അവസാനിക്കുന്നതുവരെ ഭാരവാഹികൾക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കോടതി വ്യക്തമാക്കി. ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾക്കും കോടതി അനുമതി നൽകി. കാലാവധി അവസാനിച്ചതിനുശേഷം മാത്രമേ കേസ് വീണ്ടും പരിഗണിക്കൂ.

