തിരുവനന്തപുരം: കണ്ണൂരിൽ പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ ജില്ലാ കമ്മിറ്റി തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . രക്തസാക്ഷി ഫണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന ആരോപണം തള്ളിയ അദ്ദേഹം ഫണ്ടിൽ നിന്ന് ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ .
പി വി കുഞ്ഞികൃഷ്ണനെതിരെയുള്ള അച്ചടക്ക നടപടി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ജില്ലാ കമ്മിറ്റിക്ക് വിട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം ഉചിതമായ നടപടി സ്വീകരിക്കും.കേരളത്തിന്റെ മതേതര പാരമ്പര്യം തകർക്കാൻ വലതുപക്ഷ ശക്തികൾ നടത്തുന്ന ആസൂത്രിത പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
ശബരിമല വിഷയം ഉൾപ്പെടെയുള്ള മുൻകാല കള്ളക്കഥകൾ ഇപ്പോൾ പൊളിഞ്ഞിരിക്കുകയാണ് . ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ഇത് വ്യക്തമാണ്. ഭവന സന്ദർശന പരിപാടികൾ പാർട്ടിയെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഈ സന്ദർശനങ്ങളിലൂടെ നേതാക്കൾക്കും പ്രവർത്തകർക്കും സർക്കാരിനെതിരായ തെറ്റായ കഥകൾ തുറന്നുകാട്ടാൻ കഴിഞ്ഞു. ജനങ്ങളോടൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യം പാർട്ടിക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത് ഈ ബന്ധമാണ്.
എസ്ഐആറിനെക്കുറിച്ചുള്ള വിവാദങ്ങൾ പച്ചക്കള്ളമാണ്. ഇത് പിണറായി സർക്കാരിന്റെ പദ്ധതിയാണെന്നും തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങളെ പുറത്താക്കുക എന്നതാണെന്നും വലതുപക്ഷം വ്യാപകമായി പ്രചരിപ്പിച്ചു. ഇത്തരം പ്രചാരണങ്ങളുടെ വ്യാജത്വം ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. കേരളത്തിന്റെ ഐക്യം തകർക്കാനുള്ള ഏതൊരു നീക്കത്തെയും പാർട്ടി ചെറുക്കുമെന്നും എല്ലാ വ്യാജ പ്രചാരണങ്ങളും തുറന്നുകാട്ടി മുന്നോട്ട് പോകുമെന്നും ‘ എം വി ഗോവിന്ദൻ പറഞ്ഞു. .

