നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിൽ വിജയം സ്വന്തമാക്കിയ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നുവെന്ന് എം സ്വരാജ് . ‘ ഞങ്ങളെ എതിർക്കുന്നവർ പ്രചാരണത്തിലെ പല ഘട്ടങ്ങളിലും വിവാദങ്ങൾ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ പിടികൊടുത്തില്ല . വികസന കാര്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത് . എന്നാൽ അത് ജനങ്ങൾ പരിഗണിച്ചോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംശയമുണ്ടെന്നും ‘ സ്വരാജ് പറഞ്ഞു.
പല തരത്തിലുള്ള വിലയിരുത്തലുകൾ വരും . ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തെരഞ്ഞെടുപ്പെന്ന് തോന്നുന്നില്ല . സർക്കാരിന്റെ പ്രവർത്തനഫലമായി നാട്ടിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യും . ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ജനങ്ങളെ ബോധ്യപ്പെടുത്തും.ഞങ്ങൾ ഉയർത്തിപിടിച്ച രാഷ്ട്രീയത്തിന് പിശക് ഉണ്ടെന്ന് വിലയിരുത്തുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
അൻവർ പിടിച്ച് വോട്ടുകളെ കുറിച്ച് പിന്നീട് വിശദമായി ചർച്ച ചെയ്യാം . നാട്ടിൽ പിന്നിലായെന്ന് കരുതി മോശക്കാരനാകില്ല . അങ്ങനെയെങ്കിൽ രാഹുൽ ഗാന്ധി അവിടെ തോറ്റിട്ടല്ലേ ഇവിടെ വന്നു നിന്നത് . എല്ലായിടത്തും പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോറ്റ് വരാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല . എം വി ഗോവിന്ദന്റെ പരാമർശം ഇനി പ്രസക്തമല്ല . വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് വച്ചത് നെഗറ്റീവായി ബാധിച്ചിട്ടുണ്ടെങ്കിൽ അതിൽ സന്തോഷമേയുള്ളൂ. ഒരു വർഗീയവാദിയുടെയും പിന്തുണ ഞങ്ങൾക്ക് ഒരു കാലഘട്ടത്തിലും ആവശ്യമില്ലെന്നും സ്വരാജ് പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് ഉജ്ജ്വല വിജയമാണ് ഉണ്ടായത് . 11,077 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.എൽ.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്രനായി വിജയിച്ച പി.വി. അൻവർ സീറ്റ് രാജിവച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സി.പി.എം. സ്ഥാനാർത്ഥി എം. സ്വരാജിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ നിന്ന് കോൺഗ്രസ് നേതാവ് കെ. ബാബുവിനോട് സ്വരാജ് നേരത്തെ പരാജയപ്പെട്ടിരുന്നു.

