കൊച്ചി : മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എം.എ. കൃഷ്ണന് അന്തരിച്ചു . 97 വയസായിരുന്നു. എറണാകുളത്ത് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തപസ്യ കലാസാഹിത്യവേദി, ബാലഗോകുലം, എന്നീ സംഘടനകളുടെ സ്ഥാപകനും വഴികാട്ടിയുമായിരുന്നു എം എ സാർ എന്നറിയപ്പെട്ടിരുന്ന എം.എ. കൃഷ്ണന് .
അമൃത ഭാരതി, ബാലസംസ്കാര കേന്ദ്രം, ബാലസാഹിതി പ്രകാശന്, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം, സൗരക്ഷിക എന്നീ മുന്നേറ്റങ്ങള്‍ വിഭാവനം ചെയ്തത് അദ്ദേഹമാണ്. ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ്, പ്രചാര്‍ പ്രമുഖ്, കേസരി പത്രാധിപര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു .
1929 ൽ കൊല്ലം ജില്ലയിലെ ഐവര്കാലയിൽ കരിമ്പിന്‍പുഴ മറവുത്തോട്ടത്തില്‍ ലക്ഷ്മിയമ്മയുടെയും ഐവര്‍കാല മംഗലത്തു പത്മനാഭന്റെയും മകനായാണ് ജനനം. ശാസ്ത്രിപരീക്ഷയും , തര്‍ക്കശാസ്ത്രത്തില്‍ മഹോപാദ്ധ്യായയും പാസായി. ഒരു വര്‍ഷം, കോട്ടയത്ത് വാഴൂര്‍ ഹൈസ്കൂളില്‍ അദ്ധ്യാപകവൃത്തി. തുടര്‍ന്ന് രാജിവച്ച് 1954 ല്‍ ആര്‍എസ്എസ് പ്രചാരകനായി മാറുകയായിരുന്നു . 1964 ല്‍ കേസരി പത്രാധിപരായി.
2008ല്‍ കൊല്‍ക്കത്തയിലെ ബഡാ ബസാര്‍ ലൈബ്രറിവിവേകാനന്ദ സേവാസമ്മാന്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. വീരശ്രീ വേലുത്തമ്പി സ്മാരക സേവാ സമ്മാനമടക്കം നിരവധി പുരസ്ക്കാരങ്ങൾക്കും അദ്ദേഹം അർഹനായി. ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്തകാര്യാലയമായ എറണാകുളം എളമക്കര മാധവനിവാസിലായിരുന്നു അവസാനകാലം ചിലവിട്ടത്.

