തിരുവനന്തപുരം: മെസിയെ ക്ഷണിക്കാനെന്ന പേരിൽ കായികമന്ത്രി വി അബ്ദുറഹ്മാൻ നടത്തിയ സ്പെയിൻ യാത്രയ്ക്ക് ചിലവായത് ലക്ഷങ്ങൾ . ഏകദേശം 13 ലക്ഷം രൂപയാണ് യാത്രയ്ക്കായി ചിലവായതെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു . കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു യാത്ര. എന്നാൽ ഇത്രയേറെ പണം ചിലവഴിച്ചെങ്കിലും മെസി ഈ വർഷം കേരളത്തിലേയ്ക്ക് വരില്ല . മന്ത്രി തന്നെയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത് .
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ , സ്പോർട്സ് വികസന ഫണ്ടിൽ (പ്ലാൻ) നിന്നാണ് തുക ചെലവഴിച്ചതെന്നാണ് പറയുന്നത് . കായിക, യുവജനകാര്യ വകുപ്പിന്റെ ഡയറക്ടറും സെക്രട്ടറിയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ കേരള സംഘം സ്പെയിൻ സന്ദർശിച്ച ചിത്രങ്ങൾ മന്ത്രി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്ക് വച്ചിരുന്നു..
2025 ൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്നായിരുന്നു അബ്ദുറഹ്മാന്റെ പ്രഖ്യാപനം . കേരളത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിക്കാനും, സൗഹൃദമത്സരത്തിനും അർജന്റീന ടീം സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞിരുന്നു.അർജന്റീന ടീമിന്റെയും , മെസ്സിയുടെയും സന്ദർശനം പൂർണമായും സ്പോൺസർഷിപ്പോടെയാണെന്നും മന്ത്രി പറഞ്ഞിരുന്നു.
ഇതിനായുള്ള മന്ത്രിയുടെ യാത്രയ്ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 13 ലക്ഷത്തോളം രൂപയാണ് മന്ത്രിയുടെ യാത്രയ്ക്ക് ചെലവ് വന്നത്. മെസിയെ കൊണ്ടുവരുന്നതിൽ ഒരു രൂപ പോലും ചിലവായിട്ടില്ലെന്ന മന്ത്രിയുടെ വാദവും ഇതോടെ പൊളിഞ്ഞു.ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ നടക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങൾക്കായി അർജന്റീന ടീമിനെ അയയ്ക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ വാഗ്ദാനം ചെയ്തുവെന്നും മന്ത്രി പറഞ്ഞു . എന്നാൽ മെസ്സിയെയോ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ പ്രധാനഭാരവാഹികളേയാ മന്ത്രിക്ക് കാണാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം.
അർജന്റീനയും മെസ്സിയും ഒക്ടോബർ 25-ന് കേരളത്തിൽ എത്തുമെന്ന് 2024 നവംബറിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോൺസർമാരാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.
എന്നാൽ പണം അടയ്ക്കാനുള്ള സമയത്ത് സ്പോൺസർമാർ പണം നൽകാത്തതിനാൽ കേരളം ഒഴിവാക്കി മറ്റ് രാജ്യങ്ങളിലേയ്ക്ക് ടീം സന്ദർശനം മാറ്റിയതായി അർജന്റീന മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു. ഒടുവിൽ ജനരോഷം ഭയന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയ്ക്ക് സർക്കാർ രണ്ട് തവണ നോട്ടീസ് നൽകി . ഒടുവിൽ കമ്പനി പണം അടച്ചപ്പോഴേയ്ക്കും സമയം ഏറെ വൈകിയിരുന്നു. അർജന്റീന ടീം അപ്പോഴേക്കും തങ്ങളുടെ സൗഹൃദമത്സരം ചൈനയിലും ഖത്തറിലും അങ്കോളയിലുമാണെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും അർജന്റീന ഉറപ്പായും കേരളത്തിൽ കളിക്കുമെന്നാണ് സ്പോൺസർമാർ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ വർഷം ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രിയും സ്ഥിരീകരിച്ചു.

