മലപ്പുറം : തവനൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായി മത്സരിക്കാൻ യുഡിഎഫ് നേതാവ് സന്ദീപ് വാര്യരെ വെല്ലുവിളിച്ച് കെ ടി ജലീൽ എം എൽ എ. സാക്ഷാൽ പൊതു സ്ഥാനാർത്ഥിയായി ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനായ “പാവങ്ങളുടെ പടത്തലവനെ” ഇറക്കി ‘മാർക്കം കൂട്ടി’ കോൺഗ്രസ്സാക്കി കാടിളക്കി കൈപ്പത്തിയിൽ മൽസരിച്ചിട്ടും തന്നെ ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ആട്ടിൻ തോലണിഞ്ഞ താങ്കളെന്നാണ് ജലീൽ പറയുന്നത്.
സാക്ഷാൽ ആർ.എസ്.എസുകാർ പോലും കേരളത്തിൽ പറയാൻ മടിച്ചത് വിളിച്ചു പറഞ്ഞ സന്ദീപ് വാര്യരുടെ മനസ്സിൻ്റെ ഉള്ളിൻ്റെയുള്ളിൽ അള്ളിപ്പിടിച്ച് ഇപ്പോഴും കിടപ്പുള്ള വിഷമാണ് അന്ന് പുറത്തു വന്നത്. ഏത് പ്ലാറ്റ്ഫോമിലാണെങ്കിലും പൊറുക്കാവുന്നതേ പറയാവൂ. മറക്കാവുന്നതേ എഴുതാവൂ. താങ്കളെക്കാൾ വലിയ ബി.ജെ.പിക്കാരായ ശ്രീധരൻ പിള്ളയോ, മുകുന്ദൻജിയോ, പത്മനാഭനോ, എന്തിന് സാക്ഷാൽ ശോഭാ സുരേന്ദ്രൻ പോലുമോ വാര്യർ പറഞ്ഞ പോലെ പറഞ്ഞതായി കേട്ടുകേൾവിയില്ല. – എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുസ്ലിങ്ങളുടെ കഴുത്തിൽ ടയർ ഇട്ടു കത്തിച്ച് പാകിസ്ഥാനിലേക്ക് അയക്കണം എന്ന് സന്ദീപ് വാര്യർ പറഞ്ഞു എന്നാണ് ജലീലിന്റെ ആരോപണം. അങ്ങനെ പറഞ്ഞു എങ്കിൽ, ജലീൽ കൂടി ഭാഗം ആയ സർക്കാർ അല്ലെ ഭരിക്കുന്നതെന്നും അറസ്റ്റ് ചെയ്തുകൂടേയെന്നും സന്ദീപ് വാര്യർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
വാര്യരെ,
വാര്യരെ, സാക്ഷാൽ പൊതു സ്ഥാനാർത്ഥിയായി ലീഗുകാരനായ ചാരിറ്റി മാഫിയാ തലവനായ “പാവങ്ങളുടെ പടത്തലവനെ” ഇറക്കി ‘മാർക്കം കൂട്ടി’ കോൺഗ്രസ്സാക്കി കാടിളക്കി കൈപ്പത്തിയിൽ മൽസരിച്ചിട്ട് എന്നെ ഒരു ചുക്കും ചെയ്യാൻ പറ്റിയിട്ടില്ല. എന്നിട്ടല്ലേ ആട്ടിൻ തോലണിഞ്ഞ താങ്കൾ. സാക്ഷാൽ ആർ.എസ്.എസുകാർ പോലും കേരളത്തിൽ പറയാൻ മടിച്ചത് വിളിച്ചു പറഞ്ഞ സന്ദീപ് വാര്യരുടെ മനസ്സിൻ്റെ ഉള്ളിൻ്റെയുള്ളിൽ അള്ളിപ്പിടിച്ച് ഇപ്പോഴും കിടപ്പുള്ള വിഷമാണ് അന്ന് പുറത്തു വന്നത്. സാക്ഷാൽ ഗോപാലകൃഷ്ണൻ പോലും ന്യൂനപക്ഷ വിരുദ്ധ വംശ വെറിയിൽ താങ്കൾക്കു പിന്നിലെ നിൽക്കൂ.
നിരോധിക്കപ്പെടാത്ത കാലത്ത് ഞാൻ സിമിയിൽ പ്രവർത്തിച്ചിരുന്നു എന്നത് ശരിയാണ്. അന്ന് സിമിയുടെ നേതൃസ്ഥാനത്ത് ലീഗ് ദേശീയ സെക്രട്ടറിയും പൊന്നാനി എം.പിയുമായ സമദാനിയും ഉണ്ടായിരുന്നു. അന്നും ഒരു ഉറുമ്പിനെപ്പോലും ടയറ് കഴുത്തിലിട്ട് തീക്കൊളുത്തി പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ഞങ്ങൾ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടില്ല. മരണം വരെ അതൊന്നും ചെയ്യില്ല.
വാര്യരെ, ഏത് പ്ലാറ്റ്ഫോമിലാണെങ്കിലും പൊറുക്കാവുന്നതേ പറയാവൂ. മറക്കാവുന്നതേ എഴുതാവൂ. താങ്കളെക്കാൾ വലിയ ബി.ജെ.പിക്കാരായ ശ്രീധരൻ പിള്ളയോ, മുകുന്ദൻജിയോ, പത്മനാഭനോ, എന്തിന് സാക്ഷാൽ ശോഭാ സുരേന്ദ്രൻ പോലുമോ വാര്യർ പറഞ്ഞ പോലെ പറഞ്ഞതായി കേട്ടുകേൾവിയില്ല.
ഞാൻ വേണ്ട തവനൂരിൽ താങ്കളെ നേരിടാൻ . LDF നിർത്തുന്ന ഏതു സ്ഥാനാർത്ഥിക്കും തവനൂരിൽ താങ്കളെ നിഷ്പ്രയാസം മറികടന്ന് വിജയക്കൊടി പാറിക്കാനാകും. താങ്കൾ എഴുതി വെച്ചോളൂ. വർഗീയതയും വംശീയ വിദ്വേഷവും മനസ്സിൽ കൊണ്ടു നടക്കുന്നവരെ തൂത്തെറിഞ്ഞ മണ്ണും മനസ്സുമാണ് തവനൂരിൻ്റേത്. ഉശിരുണ്ടെങ്കിൽ വരൂ LDF-ഉമായി ഒരു കൈ നോക്കാം. ഇമേജിലെ വിഡിയോ ക്ലിപ്പിംഗിൽ വാചാലമായി പറയുന്നത് താങ്കൾ തന്നെയല്ലെ? ഇതിനും ഒരു വക്കീൽ നോട്ടീസ് അയച്ചാൽ രണ്ടിനും കൂടി ഒരുമിച്ച് മറുപടി അയക്കാം!

