ആലപ്പുഴ: മാവേലിക്കരയിൽ കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ഭരണിക്കാവ് സ്വദേശിയായ ജിതിൻ കൃഷ്ണ (35) ആണ് അറസ്റ്റിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിൽ കണ്ടക്ടറാണ് ജിതിൻ കൃഷ്ണ .
കഞ്ചാവ് വിൽപ്പനയിൽ ജിതിൻ പങ്കാളിയാണെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി എക്സൈസ് വകുപ്പ് ജിതിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാവേലിക്കര മൂന്നാംകുരിയിലെ ആലിൻചുവട് ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.286 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ 15 വർഷമായി കെ എസ് ആർ ടിസിയിൽ കണ്ടക്ടറാണ് ജിതിൻ.
ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രിവന്റീവ് ഓഫീസർമാരായ സി.പി. സാബു, എം. റെനി, ബി. അഭിലാഷ്, പി. അനിലാൽ, ടി. ജിയേഷ്, കെ.ആർ. രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ സാജൻ ജോസഫ്, സുലേഖ, ഭാഗ്യനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ മാവേലിക്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

