കോട്ടയം ; അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്.
അപകടത്തിൽ അഞ്ജലിയുൾപ്പെടെ 5 സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു അഞ്ജലി. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാൻഡിൽനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അമിതവേഗമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു.ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിലാണ്.

