ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ ഫസ്റ്റ് കമ്മിറ്റി യോഗത്തിൽ പാകിസ്ഥാന് ശക്തമായ സന്ദേശം നൽകി ഇന്ത്യ. ദൈനംദിന നയതന്ത്രത്തിൽ ആണവായുധങ്ങൾ ഒരു ഉപകരണമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ജനീവയിലെ ഇന്ത്യയുടെ മുതിർന്ന ഉപദേഷ്ടാവായ അൻമോൾ ഷേർ സിംഗ് ബേദിയാണ് പാകിസ്ഥാന് കൃത്യമായ മറുപടിയുമായി രംഗത്തെത്തിയത്. ഇന്ത്യ ഒരു തരത്തിലുള്ള ആണവ ഭീഷണിക്കും ഒരിക്കലും വഴങ്ങില്ലെന്ന് ബേദി വ്യക്തമാക്കി. ഇന്ത്യയുടെ കഴിവുകൾ പൂർണ്ണമായും പ്രതിരോധപരവും രാജ്യത്തിന്റെ സ്വന്തം സുരക്ഷാ അന്തരീക്ഷത്താൽ നിർണ്ണയിക്കപ്പെടുന്നതുമാണെന്ന് ബേദി പ്രസ്താവിച്ചു.
ജമ്മു കശ്മീർ വിഷയം പാകിസ്ഥാൻ ഉന്നയിച്ചതിനോട് ഇന്ത്യ ശക്തമായി പ്രതികരിച്ചു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഭാഗമാണ് . പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങൾ വിട്ടു നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യ എപ്പോഴും സമാധാനത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് . എന്നാൽ നിരുത്തരവാദപരമായ പ്രവർത്തനങ്ങൾക്ക് ഉത്തരവാദിത്തമില്ലെങ്കിൽ, രണ്ട് പ്രതിസന്ധികൾക്കിടയിലുള്ള ഒരു ചെറിയ ഇടവേള മാത്രമായി സമാധാനം അവശേഷിക്കുമെന്നും ഇന്ത്യ ആവർത്തിച്ചു.
‘ആദ്യം പ്രകോപനങ്ങൾ, പിന്നീട് ഉത്തരവാദിത്ത നിഷേധം, ഇന്ത്യ തിരിച്ചടിക്കുമ്പോൾ സംയമനം പാലിക്കാൻ ആഹ്വാനം ചെയ്യുന്നു ‘ പാകിസ്ഥാന്റെ ഈ പ്രവർത്തന രീതിയെയും ഇന്ത്യ വിമർശിച്ചു.
ഇന്ത്യയ്ക്കെതിരായ ഏതൊരു ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി ലഭിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി. ഒരു ആണവ ഭീഷണിക്കും ഇന്ത്യ വഴങ്ങില്ല. ഭീകരതയ്ക്ക് അഭയം നൽകുന്നവരെയും അതിന് ധനസഹായം നൽകുന്നവരെയും അതിന്റെ സൂത്രധാരന്മാരെയും ഇന്ത്യ വെറുതെ വിടില്ലെന്നും ബേദി താക്കീത് നൽകി.

