തിരുവനന്തപുരം : പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ നിന്നുള്ള വായ്പയെടുക്കലിൽ, അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ട്. ഈ വായ്പകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ആശങ്കകൾ അവഗണിച്ച് സർക്കാർ വായ്പാ പദ്ധതികളുമായി മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് ബാലഗോപാൽ രേഖപ്പെടുത്തിയ അഭിപ്രായങ്ങൾ അടങ്ങിയ ഫയൽ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
ധനമന്ത്രിയുടെ എതിർപ്പുകൾ നിലനിൽക്കെത്തന്നെ വായ്പയെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയായിരുന്നു. കിഫ്ബിയുടെ വായ്പയെടുക്കൽ സംസ്ഥാനത്തെ വലിയ കടക്കെണിയിലേക്ക് തള്ളിവിട്ടതായി വിദഗ്ധ സമിതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിൽ ബാലഗോപാലിന്റെ നിരീക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പ്രകാരം, വായ്പാ തിരിച്ചടവിനായും ബോർഡ് ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി വരും വർഷങ്ങളിൽ കിഫ്ബി വഴി സംസ്ഥാനത്തിന് 70,415.54 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകും. 2041-42 വരെ വായ്പാ തിരിച്ചടവ് തുടരും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവുകൾ മാറ്റി നിർത്തിയാണിത് . കഴിഞ്ഞ 10 വർഷത്തിനിടയിലെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളുടെ ഭരണപരമായ സംവിധാനങ്ങളെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായ്പകളുടെ ഉയർന്ന പലിശ നിരക്ക് കാരണം പ്രതിവർഷം 396 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായി. ‘മസാല ബോണ്ടുകൾ’ വഴി 181.73 കോടി രൂപയുടെ അധിക ചെലവും ഉണ്ടായിട്ടുണ്ട്. 2022 മുതൽ കിഫ്ബിയുടെ വായ്പകൾ സംസ്ഥാനത്തിന്റെ മൊത്തം വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയതിനാൽ, ഈ വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകേണ്ടതില്ലെന്ന് ധനവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ 2023 ജൂൺ 6-ന് പിണറായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ തീരുമാനം റദ്ദാക്കപ്പെട്ടു.

