തിരുവനന്തപുരം : എം സി റോഡ് വികസനത്തിനായി ബജറ്റിൽ 5917 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം സി റോഡ് 24 മീറ്റർ വീതിയിൽ നാലു വരിയായി പുനർനിർമ്മിക്കും. ഗതാഗതകുരുക്ക് മാറ്റുന്നതിനായി ബൈപ്പാസ് നിർമ്മിക്കുകയും ,ജംഗ്ഷനുകൾ വികസിപ്പിക്കുകയും ചെയ്യും .
കിളിമാനൂർ , നിലമേൽ , ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ എന്നീ ബൈപ്പാസുകളുടെ നിർമ്മാണവും വിവിധ ജംഗ്ഷനുകളുടെ വികസനവും ആദ്യ ഘട്ടത്തിൽ നടപ്പിലാക്കും.കൊട്ടാരക്കാര ബൈപ്പാസ് നിർമ്മാണത്തിനായി 110.36 കോടി രൂപയും അനുവദിച്ചു.
കെ എസ് ആർ ടിസിയ്ക്കായി ബജറ്റിൽ 45.72 കോടി രൂപ വകയിരുത്തി . കെ എസ് ആർ ടി സിയെ ഇ- ഗവേണൻസ് പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തുന്നതിനായുള്ള സോഫ്റ്റ് വെയർ, ഹാർഡ് വെയർ പരിഷ്ക്കരണത്തിനായി 12 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട് .
മലപ്പുറം, തൃശൂർ, ഇടുക്കി , എറണാകുളം , ചങ്ങനാശേരി , കൊട്ടാരക്കര, കായംകുളം, ആറ്റിങ്ങൽ കെ എസ് ആർ ടി സി ഡിപ്പോകളുടെ നവീകരണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.

