റിയാദ്: സൗദി അറേബ്യയിൽ മലയാളി വെടിയേറ്റ് മരിച്ചു. കാസർകോട് സ്വദേശിയായ ബഷീർ (41) ആണ് മരിച്ചത്. അസീർ പ്രവിശ്യയിലെ ബിഷയിലാണ് സംഭവം. താമസ സ്ഥലത്ത് വാഹനം കഴുകുന്നതിനിടെ അജ്ഞാത സംഘം ബഷീറിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 13 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ് അവിടെ എത്തിയത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം . താമസ സ്ഥലത്തിന് സമീപം സ്വന്തം വാഹനം കഴുകുന്നതിനിടെ, മറ്റൊരു വാഹനത്തിൽ എത്തിയ അക്രമികൾ വെടിയുതിർത്തതായാണ് റിപ്പോർട്ട്. ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോൾ വാഹനത്തിനുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ബഷീറിനെയാണ് കണ്ടത്.
സമീപത്തുണ്ടായിരുന്ന ഒരു ഈജിപ്ഷ്യൻ പൗരനാണ് ബഷീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ബഷീർ മരിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ബഷീർ ഭക്ഷണം വാങ്ങി വീട്ടിലേക്ക് പോകുന്നത് ചിലർ കണ്ടിരുന്നു. മൃതദേഹം ബിഷയിലെ കിംഗ് അബ്ദുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ബിഷ കെഎംസിസി പ്രസിഡന്റും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ കമ്മിറ്റി അംഗവുമായ ഹംസ കണ്ണൂർ പോസ്റ്റ്മോർട്ടം നിയമ നടപടികൾ പൂർത്തിയാക്കാൻ സ്ഥലത്തെത്തിയിട്ടുണ്ട്.
ബഷീറിന്റെ പിതാവ് അസൈനാർ മുഹമ്മദ്. അമ്മ: മറിയുമ്മ മുഹമ്മദ്. ഭാര്യ: നസ്രിൻ ബീഗം. മക്കൾ: മറിയം ഹല, മുഹമ്മദ് ബിലാൽ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

