കണ്ണൂർ: വയലപ്രയിൽ യുവതിയും മകനും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും , ഭർതൃമാതാവും അറസ്റ്റിൽ. വയലപ്ര സ്വദേശിനിയായ റീമയും മൂന്ന് വയസ്സുള്ള മകനും ദിവസങ്ങൾക്ക് മുൻപാണ് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത് . സംഭവത്തിൽ ആത്മഹത്യാ പ്രേരണയ്ക്ക് ഭർത്താവ് കമൽ രാജിനെയും, ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. റീമയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിനെ തുടർന്നാണ് നടപടി. കമൽ രാജിന്റെ വീട്ടിൽ വച്ച് യുവതി ഗാർഹിക പീഡനത്തിന് ഇരയായതായി കത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
റീമ (30) യും മകൻ കൃഷിവ് രാജും (3) ജൂലൈ 20 നാണ് ചെമ്പാലിക്കുണ്ട് പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടി ജീവനൊടുക്കിയത് . റീമയുടെ മൃതദേഹം അതേ ദിവസം തന്നെ കണ്ടെടുത്തെങ്കിലും, ജൂലൈ 23 നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് . പരീക്ഷാ ഹാൾ ടിക്കറ്റിന്റെ പിന്നിൽ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ, അമ്മയുടെ നിർബന്ധപ്രകാരം ഭർത്താവ് തന്നെയും മകനെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി റീമ പറഞ്ഞിരുന്നു. ഭർത്താവിനും അമ്മായിയമ്മയ്ക്കുമെതിരെ കത്തിൽ ഗുരുതരമായ ആരോപണങ്ങൾ റീമ ഉന്നയിച്ചിരുന്നു.
“എന്റെ അമ്മായിയമ്മ എന്നെ ഒരിക്കലും സമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചിരുന്നില്ല. എന്റെ ഭർത്താവ് കമൽ രാജ്, അമ്മയുടെ പ്രേരണയിൽ എന്നെയും എന്റെ കുട്ടിയെയും വീട്ടിൽ നിന്ന് പുറത്താക്കി. അവർ എപ്പോഴും തന്റെ മകനെ കൂടെ നിർത്താൻ ആഗ്രഹിച്ചിരുന്നു. എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് ഈ സമൂഹത്തിൽ നീതി ലഭിക്കില്ല. നമ്മൾ മരിച്ചാലും കൊല്ലപ്പെട്ടാലും നിയമം എപ്പോഴും കുറ്റവാളികളെ സംരക്ഷിക്കും,” റീമയുടെ കുറിപ്പ് ഇത്തരത്തിലാണ് .
ഭർത്താവും അമ്മായിയമ്മയും പീഡിപ്പിക്കുന്നതായി കാട്ടി കണ്ണപ്പുറം പോലീസിൽ റീമ മുമ്പ് പരാതി നൽകിയിരുന്നു.

