കൊച്ചി : പൊളിറ്റിക്കൽ ഇസ്ലാമിന് മുന്നിൽ മുട്ടു മടക്കിയ ബിഗ് ടിവി അവതാരിക അപർണ്ണക്കുറുപ്പിന്റെ നിലപാട് നിർഭാഗ്യകരമാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ . ചാനൽ ചർച്ചയ്ക്കിടെ കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച അപർണ്ണ കാന്തപുരത്തിന്റെ അനുയായികളിൽ നിന്ന് ഭീഷണികൾ ഉയർന്നതിനെതിരെ തുടർന്ന് ഖേദ പ്രകടനം നടത്തുകയായിരുന്നു. ഇതിനെ കുറിച്ചുള്ള കെ സുരേന്ദ്രന്റെ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് വീണ്ടും ബോധ്യമായിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറയുന്നു.
‘ മാധ്യമപ്രവർത്തകയായ അപർണകുറുപ്പിന്റെ രാഷ്ട്രീയനിലപാടിനോട് ഒരുതരത്തിലും യോജിപ്പുള്ളയാളല്ല ഞാൻ. ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ വ്യക്തിപരമായും പാർട്ടിക്കെതിരായും അപർണ നിരവധി വാർത്തകൾ നൽകിയിരുന്നു. അതിനെതിരെ മാന്യമായ രീതിയിൽ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഒരു വാർത്തയുടെ ഇൻട്രോയുമായി ബന്ധപ്പെട്ട് അപർണക്കെതിരെ നടന്ന കൊലവിളിയോട് യോജിക്കാനാവില്ല. പൊളിറ്റിക്കൽ ഇസ്ലാമിനെ വിമർശിച്ചുവെന്ന തെറ്റിന് അപർണയുടെ ചാനലായ ബിഗ് ടിവിക്കും വ്യക്തിപരമായി അവർക്കും മാപ്പ് പറയേണ്ടി വന്നത് നിർഭാഗ്യകരമാണ്.
കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ ആരും വിമർശിക്കാൻ പാടില്ലെന്ന ഫത്വയാണ് വർഗീയവാദികൾ ഇറക്കുന്നത്. അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് വീണ്ടും ബോധ്യമായിരിക്കുകയാണ്. മുൻപ് പ്രമുഖ മലയാളപത്രം ഇതേപോലെ പൊളിറ്റിക്കൽ ഇസ്ലാമിന് മുൻപിൽ മുട്ടിലിഴഞ്ഞിരുന്നു. ഇപ്പോൾ ഒരു ചാനലിനും ആ ഗതികേട് വന്നിരിക്കുകയാണ്. സത്യം പറഞ്ഞാൽ കേരളം തലകുനിക്കുകയാണ്

