കൊച്ചി ; ചേരാനല്ലൂർ വാഹനാപകടകേസിൽ പതിനേഴുകാരന്റെ പിതാവും പ്രതിയുമായ ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി . സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച സംഘം ഡിജിറ്റൽ ഉപകരണങ്ങൾ അടക്കം കസ്റ്റഡിയിലെടുത്തു.
പതിനേഴുകാരൻ ഉപയോഗിച്ചുവെന്ന കരുതുന്ന ആഡംബര ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അടക്കമുള്ളവരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ചോദിച്ചറിഞ്ഞു. രാത്രി ഒൻപത് മണിയോടെ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്.ഹൈക്കോടാതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു പരിശോധന. കോടതിയുടെ അനുമതി ലഭിച്ചാലുടൻ ജഡ്ജിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ജഡ്ജിയ്ക്കെതിരെ ജയബാലകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജഡ്ജിയ്ക്കെതിരെ വകുപ്പുതല നടപടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ജഡ്ജിയെ സർവീസിൽ നിന്ന് നീക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ജില്ലാ കോടതിയെയും സമീപിക്കും.
ഇന്നലെ രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിയ ജയബാലകൃഷ്ണന്റെ മക്കൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പൊലീസ് സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു. തുടർനടപടികൾക്കായി ഹൈക്കോടതി അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്നും കുടുംബത്തെ അറിയിച്ചിട്ടുണ്ട്.

