തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് കെ മുരളീധരൻ . ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന കെ. മുരളീധരൻ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. തന്റെ തീരുമാനം കോൺഗ്രസ് നേതൃത്വത്തെ മുരളീധരൻ അറിയിച്ചിട്ടുണ്ട് . കെ. മുരളീധരൻ പഴയ കോട്ടയിലേക്ക് മടങ്ങാൻ പോകുന്നതോടെ, വട്ടിയൂർക്കാവിൽ ത്രികോണ മത്സരത്തിന് വേദിയൊരുങ്ങുമെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, കെപിസിസി നേതൃയോഗം 15 ന് രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ നടക്കുമെന്നാണ് റിപ്പോർട്ട്. അതിനുമുമ്പ്, സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാൻ ശ്രമിക്കും. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കാം. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. പുതുയുഗ യാത്രയുടെ വിലയിരുത്തലും കെപിസിസി സംഘടിപ്പിക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ അവലോകനവും യോഗത്തിൽ ഉൾപ്പെടും.

