വയനാട്: കമ്പളക്കാട് ജീപ്പ് ഇടിച്ചുകയറി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം . കമ്പളക്കാട് പുത്തൻതോടുകയിൽ സ്വദേശിയായ ദിൽഷന (19) ആണ് മരിച്ചത് . കടയിൽ നിന്ന് പാൽ വാങ്ങാൻ റോഡരികിൽ നിൽക്കുകയായിരുന്ന ദിൽഷനയ്ക്ക് മേൽ ജീപ്പ് ഇടിച്ചുകയറുകയായിരുന്നു.
ഇന്ന് രാവിലെ 7:30 ഓടെയാണ് അപകടം നടന്നത്. ബത്തേരി സെന്റ് മേരീസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ദിൽഷന. കൽപ്പറ്റയിൽ നിന്ന് മാനന്തവാടിയിലേക്ക് അതിവേഗത്തിൽ പോകുകയായിരുന്ന ജീപ്പ് വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ചു.
പെൺകുട്ടിയെ ഇടിച്ച ശേഷം ജീപ്പ് സമീപത്തുള്ള മാലിന്യക്കൂമ്പാരത്തിലേക്ക് ഇടിച്ചു. ദിൽഷനയുടെ വീടിന് തൊട്ടുതാഴെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിൽഷനയെ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീപ്പ് ഓടിച്ചുകൊണ്ടിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് സൂചന.

