കോഴിക്കോട് :ഗതാഗത നിയമലംഘനങ്ങളും അവ നിമിത്തമുള്ള അപകടങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങൾ ഉപയോഗിച്ചുള്ള റീൽസ് ചിത്രീകരണങ്ങൾക്കും വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ
ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ റീൽസ് ചിത്രീകരണത്തിനിടെ വീഡിയോഗ്രാഫർ കാറിടിച്ച് മരിച്ച സംഭവം പരിഗണിച്ചാണ് നടപടി കർശനമാക്കിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോഴിക്കോട് പോലീസ് കമ്മീഷണറോട് കമ്മീഷൻ നിർദ്ദേശിച്ചു.
മത്സരയോട്ടങ്ങളിൽ ഏർപ്പെടുന്നവർക്ക് പുറമേ ഇത്തരം അപകടങ്ങൾ
മറ്റുള്ള വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ജീവഹാനി സംഭവിക്കുന്നത് ഉൾപ്പെടെ മറ്റ് അപകടങ്ങൾക്കു വരെ കാരണമാകുന്നു എന്ന് കമ്മീഷൻ നിരീക്ഷിച്ചു.
നിയമങ്ങളെ തള്ളി സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാൻ വാഹനം ഉപയോഗിച്ചുള്ള ചെറുപ്പക്കാരുടെ അഭ്യാസപ്രകടനങ്ങൾ റോഡിൽ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അത്തരത്തിൽ പൊതു നിരത്തുകളെ അപകടാന്തരീക്ഷമാക്കി മാറ്റുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും കെ ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.