തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടൽ പണിമുടക്കിൽ വലഞ്ഞ് ദീർഘദൂര യാത്രക്കാർ . വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലുടനീളമുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവ പണിമുടക്കുന്നത് . ഓൺലൈൻ ഭക്ഷണ വിതരണ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചത് ഐടി ഇടങ്ങളിലെ ജോലിക്കാരെ അടക്കം ബാധിച്ചു . ചില സ്ഥലങ്ങളിൽ ദീർഘദൂരയാത്ര ചെയ്തെത്തിയവരും വിശന്ന് വലഞ്ഞു.
24 മണിക്കൂർ പണിമുടക്കിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സംഘടനകൾ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ചുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട് . 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ പെട്ടെന്നുള്ള വർദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു, ഹോട്ടൽ വ്യവസായം തകരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്തെ വാണിജ്യ സിലിണ്ടറുകളുടെ വില ഇപ്പോൾ 3,000 രൂപ കവിഞ്ഞിരിക്കുന്നു. ഇത് ഹോട്ടൽ മേഖലയെ സാരമായി ബാധിക്കുന്നു. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ, തെരുവ് ഭക്ഷണശാലകൾ എന്നിവയെല്ലാം വിലക്കയറ്റത്തെ സാരമായി ബാധിച്ചു. വർദ്ധിച്ചുവരുന്ന പ്രവർത്തന ചെലവുകൾ കാരണം, പല ഹോട്ടലുകളും ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിപ്പിച്ചു, ഇത് ഉപഭോക്താക്കളെയും സാരമായി ബാധിച്ചു.

