കോട്ടയം : തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും ചിലർ അവകാശപ്പെടുന്നത് പോലെ ആരുടെയും യോഗ്യതയുടെ ഫലമല്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ . നിലവിലെ സാഹചര്യത്തിൽ മടുത്ത ആളുകൾ മാറ്റത്തിനായി വോട്ട് ചെയ്തു, അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി പ്രതിഫലിച്ചതാണേന്നും പെരുന്നയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് ഫലത്തെ കേവലം ഭരണവിരുദ്ധ വികാരമായി കാണരുത്, മറിച്ച് രാഷ്ട്രീയത്തിലെ ആഭ്യന്തര പ്രശ്നങ്ങളുടെ ഫലമായി കാണണം. യുഡിഎഫ് ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നുവോ അതിൽ എൻഎസ്എസിന് എതിർപ്പില്ല. കഴിവുള്ളവരും പരിചയസമ്പന്നരുമായവരെ മാത്രമേ തിരഞ്ഞെടുക്കാവൂ. ഇക്കാര്യത്തിൽ തീരുമാനം കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ് എടുക്കേണ്ടത്.
വി ഡി സതീശനുമായുള്ള അഭിപ്രായവ്യത്യാസം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ഞങ്ങൾ സമദൂര നിലപാട് സ്വീകരിച്ചു. എങ്കിലും, അദ്ദേഹത്തിന്റെ ചില നിലപാടുകളോട് ഇപ്പോഴും ഞങ്ങൾക്ക് വ്യത്യാസങ്ങളുണ്ട്. നായർ സമുദായത്തോട് സമദൂര രീതിയിൽ വോട്ട് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിയുടെ വിജയമോ പരാജയമോ ഉറപ്പാക്കാൻ എൻഎസ്എസ് ആരോടും പറഞ്ഞിച്ചിട്ടില്ല. സർക്കാർ മാറ്റം ആവശ്യമാണെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു, പക്ഷേ ആ സമയത്ത് എല്ലാവരും എന്നെ പരിഹസിച്ചു. ഞങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾക്കപ്പുറം നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ സർക്കാരിൽ നിന്ന് ഒന്നും നേടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ആവശ്യങ്ങൾ പരിഹരിക്കപ്പെടാത്തപ്പോൾ, ഞങ്ങൾ കോടതിയെ സമീപിച്ച് അവ നേടിയെടുത്തു,’ സുകുമാരൻ നായർ പറഞ്ഞു.

