തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ പിണറായി വിജയൻ ക്ലിഫ് ഹൗസിലേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച വാഹനം തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചുവെന്ന് റിപ്പോർട്ട്. പാർട്ടി സെക്രട്ടറിയുടെ പേരിലുള്ള വാഹനമാണിത്. 2024 നു ശേഷം ഇതുവരെ 18 പിഴ ചെലാനുകളാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത് . ഒന്നിൽ പോലും പിഴയടച്ചിട്ടുമില്ല.
വിവിധ കേസുകളിലായി 13750 രൂപയാണ് പിഴയിട്ടിരിക്കുന്നത്. അമിതവേഗം, സിഗ്നല്‍ ലംഘനം എന്നിവയ്ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനുമാണു ചലാനുകള്‍ ലഭിച്ചത്. സീറ്റ് ബെല്‍റ്റ് ഇടാതെ യാത്ര ചെയ്തതിന് 12 തവണ 500 രൂപ പിഴയീടാക്കിയിട്ടുണ്ട്.
2025 ജനുവരിയിൽ കോവളം – കാരോട് ദേശീയ പാതയിൽ 120 കിലോമീറ്റർ വേഗത്തിൽ പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സഞ്ചരിച്ചിരുന്ന കെ എൽ7 സി ആർ 4291 എന്ന നമ്പറിലുള്ളതാണ് കാർ . സീറ്റ് ബെൽറ്റ് ഇടാതെയും, എയർ ഹോൺ അടിച്ചും അമിത വേഗതയിൽ സഞ്ചരിച്ചതിനുമാണ് വാഹനത്തിന് 18 ചെലാൻ നൽകിയിരിക്കുന്നത് . ഇതിന്റെ രേഖകളും ചിത്രങ്ങളും പുറത്തുവന്നു. സംസ്ഥാനത്തുടനീളം നിയമം കാറ്റില്‍ പറത്തി ഈ വാഹനം സഞ്ചരിച്ചതായി രേഖകളില്‍ കാണാം.
കിളിമാനൂരിൽ അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതെ വഴുതക്കാടും, ഇരിട്ടിയിലും, മാന്നാറുമുള്ള യാത്ര , പാലക്കാട്ടെ സിഗ്നൽ ലംഘനം തുടങ്ങി 18 ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വച്ച എഐ ക്യാമറയിലാണ് വാഹനത്തിന്റെ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

