ആലപ്പുഴ : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നിലെ സൂത്രധാരൻ കെ സി വേണുഗോപാലാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ . ഇന്ത്യയിലുടനീളം സ്വാധീനം ചെലുത്താൻ കഴിവുള്ള നേതാവാണ് വേണുഗോപാൽ . കേരളത്തിൽ നിരവധി എംഎൽഎമാരെ സൃഷ്ടിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും , വി ഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് എനിക്കറിയില്ല. മൂന്ന് നേതാക്കളാണ് അതിനു പിന്നിലുള്ളത്. ഏറ്റവും കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനാണ്. ഏറ്റവും കൂടുതൽ ഭരണപരിചയമുള്ളത് രമേശ് ചെന്നിത്തലയ്ക്കാണ്. സതീശനെ മുഖ്യമന്ത്രിയാക്കാൻ മുസ്ലീം ലീഗിന്റെ രഹസ്യ പിന്തുണയുമുണ്ട്. സതീശൻ വളരെ നല്ല പ്രതിപക്ഷ നേതാവായിരുന്നു.
ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ മുന്നോട്ട് പോകണമെന്ന് തീരുമാനിക്കാൻ കഴിയുന്ന നേതാവാണ് വേണുഗോപാൽ. പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ദേശീയ തലത്തിൽ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്, കേന്ദ്രത്തിൽ നിന്ന് കേരളം ഭരിക്കാനും അദ്ദേഹത്തിന് കഴിയും
എങ്കിലും ഇന്ത്യയിൽ ‘കരിമ്പുപാടങ്ങൾ’ ഉള്ളപ്പോൾ ‘കറുകപുല്ല് തിന്നാൻ അദ്ദേഹം കേരളത്തിലേക്ക് വരുമെന്ന് ഞാൻ കരുതുന്നില്ല. മിക്ക എംഎൽഎമാരും എംപിമാരും അദ്ദേഹത്തോടൊപ്പമുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപിയാണ് അദ്ദേഹം . ചെന്നിത്തല ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ് .എല്ലാവരെയും മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുമുണ്ട്. അദ്ദേഹത്തിന്റെ ജൂനിയർമാരിൽ പലരും മറ്റ് സ്ഥാനങ്ങളിലേക്ക് ഉയർന്നിട്ടും, അദ്ദേഹം ക്ഷമയോടെ നിലകൊള്ളുകയും മറ്റുള്ളവർക്ക് അധികാരം ലഭിക്കുന്നത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശനും മികച്ച പ്രകടനം കാഴ്ചവച്ചു.“ വെള്ളാപ്പള്ളി പറഞ്ഞു.
പിണറായി സർക്കാരിന്റെ പരാജയത്തിന് താൻ ഉത്തരവാദിയാണെന്ന വാദങ്ങളെയും അദ്ദേഹം നിഷേധിച്ചു. ‘ അത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പിണറായി വിരുദ്ധർ മാത്രമാണ് . എന്റെ സമുദായത്തെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നവർ അത്തരം കാര്യങ്ങൾ പറയും. ഒരു പാർട്ടിക്കും എസ്എൻഡിപി യോഗത്തെ ദുർബലപ്പെടുത്താൻ കഴിയില്ല. പലരും അതിനെ പിളർത്താൻ ശ്രമിച്ചിട്ടുണ്ട്. അത്തരം പരാമർശങ്ങൾ ദുരുദ്ദേശ്യത്തിൽ നിന്നാണ് വരുന്നത്. എന്റെ നിലപാട് മാറില്ല,’ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

