ഇടുക്കി : കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയിൽ നാളെ റെഡ് അലേർട്ട് . ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ, മദ്രസകൾ എന്നിവയുൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ് . ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചു.
നേരത്തെ നിശ്ചയിച്ച പരീക്ഷകളിലും ഇന്റർവ്യൂകളിലും മാറ്റമുണ്ടാകില്ല. അവധി ദിനങ്ങൾ കാരണം നഷ്ടപ്പെട്ട പഠനം ക്രമീകരിക്കാൻ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികളെ ചുമതലപ്പെടുത്തി. ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട്, മലപ്പുറം ജില്ലകളിലും നാളെ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകൾക്ക് ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.
അടുത്ത 36 മണിക്കൂറിനുള്ളിൽ ഇത് തീവ്രന്യൂനമർദ്ദമായി ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. ഒക്ടോബർ 24 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ പ്രവേശിക്കുകയോ മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഒക്ടോബർ 24 വരെ മത്സ്യബന്ധനം നടത്തുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരോധിച്ചിട്ടുണ്ട്.

