കൊച്ചി: ശബരിമലയിൽ ട്രാക്ടറിൽ സഞ്ചരിച്ച എഡിജിപി എം ആർ അജിത് കുമാറിനെ രക്ഷിക്കാൻ ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്ത് പമ്പ പോലീസ് . ശബരിമലയിൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
സംഭവം നിർഭാഗ്യകരമാണെന്ന് കോടതി വിശേഷിപ്പിക്കുകയും അസുഖമുണ്ടെങ്കിൽ ആംബുലൻസിൽ പോകാമായിരുന്നല്ലോ എന്ന് ചോദിക്കുകയും ചെയ്തു. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ വിമർശനം.അതിനു പിന്നാലെയാണ് പൊലീസ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തത്.മോട്ടർ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചെന്നും രാത്രി 9നു ശേഷം നിയമ വിരുദ്ധമായി 3 പേരെ ട്രാക്ടറിൽ കയറ്റിയെന്നാണു കേസ്.
ജൂലൈ 12, 13 തീയതികളിലാണ് എഡിജിപി ട്രാക്ടറിൽ കയറിയത്. സന്നിധാനത്തേക്ക് സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ട്രാക്ടറുകളിൽ സഞ്ചരിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് 2021 ൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഉത്തരവിട്ടിരുന്നു. എഡിജിപി ഇത് ലംഘിച്ചുവെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ജൂലൈ 12 ന് വൈകുന്നേരം 6 മണിക്ക് എഡിജിപി ട്രാക്ടറിൽ കയറി. സന്നിധാനത്തിനടുത്തുള്ള ഷൂ ഷോപ്പ് ഏരിയയിൽ എത്തിയപ്പോൾ ഇറങ്ങി. അദ്ദേഹത്തിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറും (പിഎസ്ഒ) അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. തിരിച്ചും ട്രാക്ടറിൽ കയറിയാണ് അദ്ദേഹം പമ്പയിൽ എത്തിയത്.

