തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് മഴ കൂടുതൽ ശക്തമായത്. കാസർകോട്, കനത്ത മഴയിൽ തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു. ബന്ദിയോട് സ്വദേശിയായ സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ വീണതിനെ തുടർന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി.
ഇടുക്കിയിലെ മൂലമറ്റം ത്രിവേണിയിൽ കുളിക്കുന്നതിനിടെ 19 വയസ്സുകാരൻ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശിയായ അതുൽ ബൈജുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാസർകോട് കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. ചെർക്കളയിലാണ് സംഭവം . അവിടെ ഒരു സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അവശിഷ്ടങ്ങൾ ദേശീയപാതയിലേക്ക് വീണു. തൽഫലമായി, ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.

