പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന സീസണിനായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും. സംസ്ഥാനത്ത് അമീബിക് എൻസെഫലൈറ്റിസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകി. പമ്പാ നദിയിൽ കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളത്തിൽ മുങ്ങുമ്പോൾ ഭക്തർ മൂക്ക് പൊത്തുകയോ നാസൽ ക്ലിപ്പുകൾ ഉപയോഗിക്കുകയോ ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
പമ്പാ നദിയിൽ വെള്ളം നിരന്തരം ഒഴുകുന്നതിനാൽ അമീബിക് എൻസെഫലൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ജനുവരിയോടെ നദിയിലെ ജലനിരപ്പ് കുറഞ്ഞാൽ ചില ഭാഗങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു
തീർത്ഥാടനകാലത്ത് ക്ഷേത്രക്കുളങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചീകരണം നടത്താൻ ആരോഗ്യ വകുപ്പ് ദേവസ്വം ബോർഡുകളോടും തദ്ദേശ സ്ഥാപനങ്ങളോടും നിർദ്ദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ തീർത്ഥാടകർക്ക് സന്നിധാനത്ത് പ്രവേശിക്കാൻ അനുവാദമുണ്ട്.
മണ്ഡലപൂജയ്ക്കുശേഷം ഡിസംബർ 27-ന് ക്ഷേത്രനട അടയ്ക്കും.മകരവിളക്കിനായി ഡിസംബർ 30-ന് വൈകീട്ട് അഞ്ചിന് ക്ഷേത്രനട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനം ജനുവരി 20ന് സമാപിക്കും. ശബരിമല മേൽശാന്തി ഇ.ഡി. പ്രസാദ്, മാളികപ്പുറം മേൽശാന്തി എം.ജി. മനു നമ്പൂതിരി ഇന്ന് ചുമതലയേൽക്കും.

