കൊച്ചി : ശബരിമലയിൽ സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നിർദേശം . മൂന്നാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിൽ സഹകരിക്കണമെന്നും കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചു. ദ്വാരപാലക വിഗ്രഹങ്ങളുടെ താങ്ങു പീഠങ്ങൾ സ്ട്രോങ് റൂമിലുണ്ടോ എന്ന് പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. 2019 ൽ സ്വർണ്ണം പൂശിയ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയപ്പോൾ അവയുടെ ഭാരം 42 കിലോഗ്രാം ആയിരുന്നു. സ്വർണ്ണാഭരണങ്ങൾ തിരികെ കൊണ്ടുവന്നപ്പോൾ അവയുടെ ഭാരം നാല് കിലോഗ്രാം കുറവാണെന്ന് കണ്ടെത്തിയതായും കോടതി നിരീക്ഷിച്ചു. ദേവസ്വത്തിന് വേണ്ടി ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ നേരിട്ട് ഹാജരായി വിവരങ്ങൾ നൽകി .
ശബരിമലയിലെ സ്വത്തുക്കളെക്കുറിച്ചുള്ള വിശദാംശങ്ങൾ ദേവസ്വം ചീഫ് സെക്യൂരിറ്റി ഓഫീസർ കോടതിയിൽ ഹാജരാക്കി. ഈ രേഖകൾ പരിശോധിച്ചപ്പോഴാണ് കോടതി സംശയം ഉന്നയിച്ചത് . ശബരിമലയിലേക്ക് തിരികെ കൊണ്ടുവന്നപ്പോൾ സ്വർണ്ണാഭരണങ്ങളുടെ ഭാരം എന്തുകൊണ്ട് പരിശോധിച്ചില്ല എന്നും ഹൈക്കോടതി ചോദിച്ചു.
സ്വർണ്ണപ്പാളികളുമായി ബന്ധപ്പെട്ട് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് നിർണായക വെളിപ്പെടുത്തലുകൾ നടത്തി. ദ്വാരപാലക വിഗ്രഹങ്ങൾക്കായി മറ്റൊരു പീഠം നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. ‘വിഗ്രഹങ്ങൾക്കായി രണ്ടാമത്തെ പീഠം നിർമ്മിച്ചിരുന്നു. മൂന്ന് പവൻ സ്വർണ്ണം ഉപയോഗിച്ചാണ് പീഠം നിർമ്മിച്ചത്. യഥാർത്ഥ പീഠങ്ങളുടെ നിറം മങ്ങിയപ്പോൾ, പുതിയത് നിർമ്മിച്ചു. എന്നാൽ ഭാരത്തിൽ വ്യത്യാസമുണ്ടെന്ന് ദേവസ്വം അറിയിച്ചു. വഴിപാടായതിനാൽ, അതിനെക്കുറിച്ച് ചോദിച്ചില്ല. പീഠം സ്ട്രോംഗ് റൂമിലായിരിക്കുമെന്ന് കരുതി. എന്നാൽ , പീഠം ഇപ്പോൾ എവിടെയാണെന്ന് വ്യക്തമല്ല. അറ്റകുറ്റപ്പണികൾക്കായി എടുത്തപ്പോൾ, പീഠത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. മറുപടി ലഭിച്ചില്ല. വിജിലൻസ് അന്വേഷണം നടത്തട്ടെ,’ അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ നടപടിയെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു.ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം.
സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.അനുമതി തേടാതിരുന്നതിന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നു. ഇതോടെ സ്വർണപ്പാളി ഉടൻ എത്തിക്കണമെന്ന നിലപാട് കോടതി മയപ്പെടുത്തുകയും ചെയ്തിരുന്നു. സ്വർണപ്പാളി ഉടൻ എത്തിക്കേണ്ടെന്ന് കോടതി അറിയിക്കുകയും ഇളക്കിയ സ്വർണപ്പാളിയുടെ തൂക്കം അടക്കം രേഖകൾ ഹാജരാക്കാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് കോടതി നിർദേശം നൽകുകയുമായിരുന്നു.

