ന്യൂഡൽഹി : പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി (CEC) ഗ്യാനേഷ് കുമാറിനെ തെരഞ്ഞെടുത്തു . സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയോജിപ്പ് തള്ളിയാണ് നിയമനം . കേരള കേഡറിൽ നിന്നുള്ള 1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം ആഗ്ര സ്വദേശിയാണ് . നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും.
ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളും 2026 ൽ പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളും ഉൾപ്പെടെയുള്ള പ്രധാന തിരഞ്ഞെടുപ്പുകൾക്ക് ഗ്യാനേഷ് കുമാർ മേൽനോട്ടം വഹിക്കും.കേന്ദ്ര സർക്കാരിൽ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് പുതിയ നിയമനം. രാജ്യത്തിന്റെ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച , നിരവധി സുപ്രധാന ബില്ലുകൾ മുൻ വർഷങ്ങളിൽ രാജ്യത്തിനായി തയ്യാറാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് ഗ്യാനേഷ് കുമാർ.
ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷനല്‍ സെക്രട്ടറിയായിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും ഗ്യാനേഷ് കുമാർ കൈകാര്യം ചെയ്തു.