മുക്കം: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണമോഷണത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലെ ക്ഷേത്രങ്ങളിലും സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് റിപ്പോർട്ട്. . മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കല്ലുരുട്ടി തോട്ടത്തിന് കടവ് കുന്നത്ത് പറമ്പ് ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിലാണ് സ്വര്‍ണ ഉരുപ്പടികള്‍ നഷ്ടപ്പെട്ടത്.
ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുരളീധരന് നടത്തിയ പരിശോധനയിലാണ് വിവിധ ആഭരണങ്ങള്‍ നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്. 2023 ല്‍ സ്ഥാനം ഒഴിഞ്ഞ ട്രസ്റ്റ് ബോര്‍ഡ് പുതിയ ബോര്‍ഡിന് അധികാരം കൈമാറുമ്പോള്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലാണ് കുറവു വന്നത്.
2023 ലെ ഭരണസമിതി കൈമാറിയ ലിസ്റ്റ് പ്രകാരം 32 സ്വര്‍ണ ചന്ദ്രക്കലയും 10 സ്വര്‍ണത്താലിയും ഒരു സ്വര്‍ണത്താലി മണിയും രണ്ട് സ്വര്‍ണ പൊട്ടുകളും ക്ഷേത്രത്തില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ പരിശോധനയില്‍ ആറ് സ്വര്‍ണ ചന്ദ്രക്കല മാത്രമാണുള്ളതെന്ന് കണ്ടെത്തി. സ്വര്‍ണത്താലി നാലെണ്ണം മാത്രമാത്രം. 26 സ്വര്ണചന്ദ്രക്കലയും 8 സ്വര്‍ണത്താലിയും ഒരു സ്വര്‍ണത്താലി മണിയും സ്വര്‍ണപ്പൊട്ടുകളും കണ്ടെത്താനുണ്ട്.
നാലുപേരടങ്ങുന്ന ട്രസ്റ്റി ബോര്‍ഡിനെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കഴിഞ്ഞ മാസം പിരിച്ചുവിട്ടിരുന്നു. 2023 മാര്‍ച്ച് മുതല്‍ 2025 ആഗസ്ത് വരെയാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് നിലവിലെ ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് കെ.കെ. സുനിത്തും സെക്രട്ടറി സന്തോഷും ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നത്.

