തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച പൊതു പണിമുടക്ക് ആരംഭിച്ചു . തിരുവനന്തപുരത്ത് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നില്ല. കടകൾ അടഞ്ഞുകിടക്കുന്നു. ചുരുക്കം ചില ഓട്ടോറിക്ഷകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ.
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി . റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർക്കായി പോലീസ് വാഹനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിൽ സർവീസ് നടത്താൻ ശ്രമിച്ച കെഎസ്ആർടിസി ബസുകൾ അനുയായികൾ തടഞ്ഞു. രാവിലെ തൃശൂർ ഡിപ്പോയിൽ നിന്ന് സർവീസ് നടത്തിയ രണ്ട് ബസുകളാണ് തടഞ്ഞത് . ദീർഘദൂര ബസുകൾ സ്റ്റാൻഡിൽ എത്തുന്നുണ്ട്. ഇന്ന് നടക്കാനിരുന്ന പരീക്ഷകൾ കേരള സർവകലാശാല മാറ്റിവച്ചു.
രാജ്യത്തുടനീളമുള്ള 25 കോടി തൊഴിലാളികൾ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകൾ അവകാശപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധ യോഗം നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് ജന്തർ മന്തറിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തും. ഇന്ന് അർദ്ധരാത്രി വരെ പണിമുടക്ക് തുടരും. ബിഎംഎസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
തൊഴിലാളികൾ, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, മോട്ടോർ വാഹന തൊഴിലാളികൾ, വ്യാപാരികൾ, എന്നിവർ പങ്കെടുക്കുന്നതിനാൽ ജനജീവിതം സ്തംഭിച്ച അവസ്ഥയാണ് .

