ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ . പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ശ്രമിക്കുന്നതിൽ സജി ചെറിയാന് പങ്കുണ്ടെന്ന് ജി. സുധാകരൻ പറഞ്ഞു. ഒരു വഴക്കിലും തനിക്ക് താൽപ്പര്യമില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി. സുധാകരൻ പറഞ്ഞു .
‘ പാർട്ടിക്ക് എതിരായി ഞാൻ ഒന്നും പറഞ്ഞിട്ടില്ല . പാർട്ടി നയത്തിനെതിരെ സംസാരിക്കുന്നവരെയും നേതാക്കളെ വിമർശിക്കുന്നവരെയും ഞാൻ എതിർക്കുന്നു. പാർട്ടിയിൽ ഉറച്ചുനിന്നുകൊണ്ടാണ് അത്. ഇത് തുടരും. ആലപ്പുഴയിലെ പാർട്ടി നശിക്കാതിരിക്കാനാണ് ഞാൻ ഇത് ചെയ്യുന്നത്.
സജി എന്നെ ഉപദേശിക്കാൻ ആയിട്ടില്ല. അതിനുള്ള പ്രായവും പക്വതയും സജിക്കില്ല. സംഘടനശൈലിയും അറിയില്ല.അതുകൊണ്ട് സൂക്ഷിച്ച് സംസാരിച്ചാൽ കൊള്ളാം . എന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ല. പാർട്ടിയോട് ചേർന്ന് പോകണമെന്ന് പറയുന്നു. പാർട്ടിയ്ക്കകത്ത് നിൽക്കുന്ന എന്നോടാണ് ഇത് പറയുന്നത്.എനിക്കെതിരെ പരാതി നൽകിയതിൽ സജി ചെറിയാൻ പങ്കാളിയാണ് . സജി ചെറിയാൻ എം എൽ എ ആയ ഉടൻ പരാതി പോയി. പാർട്ടി അന്വേഷണം വന്നു. പുറത്താക്കാനായിരുന്നു നീക്കം. എന്നെ പുറത്താക്കിയെന്ന് പറഞ്ഞ് പാർട്ടി വരെ നടത്തി‘.
ജി.സുധാകരന് പാര്‍ട്ടിയുമായി ചേര്ന്നുപോകണമെന്നായിരുന്നു മന്ത്രി സജി ചെറിയാന് പ്രതികരിച്ചത്. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചിലരാണെന്ന സുധാകരന്റെ ആക്ഷേപത്തോടാണ് മന്ത്രിയുടെ പ്രതികരണം.
അതേസമയം എ കെ ബാലനുമുണ്ട് സുധാകരന്റെ മറുപടി . ‘ ബാലന് എന്നെ കുറിച്ച് പറയാൻ എന്ത് കാര്യം .1972 ലെ എസ് എഫ് ഐ കാലത്തെ കുറിച്ചാണ് പറയുന്നത് . അത് ഇപ്പോൾ പറയേണ്ട കാര്യമെന്താണ് . ഞാൻ മാറിയിട്ടില്ല. മാറാൻ ഉദ്ദേശിക്കുന്നതുമില്ല.എച്ച് സലാം നൽകിയ പരാതിയെ കുറിച്ച് പിണറായിയും സംശയമുണ്ട്. ജയിച്ചിട്ടും എന്തിന് പരാതി നൽകിയെന്ന് എന്നോട് ചോദിച്ചു. കോടിയേരിയും ഇതേ കാര്യം എന്നോട് ചോദിച്ചു.‘ – ജി സുധാകരൻ പറഞ്ഞു.
ജി സുധാകരന് ഇപ്പോഴും എസ് എഫ് ഐ ക്കാരന്റെ മനസാണെന്നാണ് എ കെ ബാലൻ പറഞ്ഞത് . തനിക്ക് അത് പറ്റില്ലെന്നും, പാർട്ടി അവഗണികുന്നതായി സുധാകരന് തോന്നുന്നുണ്ടെന്നും , അത് വേണ്ടപ്പെട്ടവർ പരിശോധിക്കണമെന്നും ബാലന് പറഞ്ഞിരുന്നു.

