തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും രാജ്ഭവനിലും ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ധനകാര്യ സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെയും ഇമെയിലുകളിലേക്കാണ് സന്ദേശം അയച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ഗതാഗത കമ്മീഷണറുടെ ഓഫീസിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടര മണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടാകുമെന്നായിരുന്നു സന്ദേശം. ബോംബ് ഭീഷണിയുള്ള സ്ഥലങ്ങളിൽ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. സന്ദേശങ്ങളെല്ലാം ഒരേ വിലാസത്തിൽനിന്നാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ഇന്നലെ ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർപോർട്ട് മാനേജരുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ഇതേത്തുടർന്ന് വിമാനത്താവളത്തിൽ തിരച്ചിൽ ശക്തമാക്കി. റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം ഹിൽട്ടൺ ഗാർഡൻ ഹോട്ടലിലും ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. പോലീസ് നായ്ക്കളെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംസ്ഥാനത്തെ വിവിധ കലക്ടറേറ്റുകളിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

