തിരുവനന്തപുരം: ടൂറിസം വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് കേരളത്തിൽ അഞ്ച് റോപ്പ്വേകൾ നിർമ്മിക്കാൻ തീരുമാനം. ശബരിമല, അതിരപ്പിള്ളി, മൂന്നാർ, മലയാറ്റൂർ എന്നിവിടങ്ങളിലും വയനാട് ചുരത്തിന് സമാന്തരമായും കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്പ്വേകൾ നിർമ്മിക്കും.
വയനാട്ടിലുള്ളത് സംസ്ഥാന സർക്കാരും മറ്റുള്ളവ കേന്ദ്ര സർക്കാരിന്റെ പർവതമല പദ്ധതിയുടെ ഭാഗമായുമാണ് നിർമ്മിക്കുക . കേന്ദ്ര പദ്ധതിയുടെ കീഴിലുള്ള റോപ്പ്വേകൾ നാഷണൽ ഹൈവേസ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ലിമിറ്റഡിനാണ് നിർമ്മാണപ്രവർത്തനങ്ങളുടെ ചുമതല.
ഇത് സംബന്ധിച്ച സാധ്യതാ പഠനം നേരത്തെ നടത്തിയിരുന്നു. നിലവിൽ ഡിപിആർ തയ്യാറാക്കാൻ കരാർ ക്ഷണിച്ചിട്ടുണ്ട്. വയനാട് പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയാകും നടപ്പാക്കുക. . ഉത്തരവാദിത്തം കെഎസ്ഐഡിസിക്ക് നൽകും. ചെലവ് 100 കോടി രൂപയാണ്. 2023 ഒക്ടോബർ 20 ന് നടന്ന സംസ്ഥാന സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡ് യോഗത്തിൽ വെസ്റ്റേൺ ഗാറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് റോപ്പ്വേ പദ്ധതിക്കുള്ള നിർദ്ദേശം മുന്നോട്ടുവച്ചത്.
പമ്പ – സന്നിധാനം – 2.62 കിലോമീറ്റർ , വട്ടവട -മൂന്നാർ – 18.30 കി.മീറ്റർ , ആതിരപ്പള്ളി ടിക്കറ്റ് കൗണ്ടർ- വെള്ളച്ചാട്ടത്തിന് എതിർവശം 350 മീറ്റർ , മണപ്പാട് ചിറ- മലയാറ്റൂർ -1.63 കി മീറ്റർ, വയനാട് അടിവാരം- ലക്കിടി 3.67 കി.മീറ്റർ എന്നിങ്ങനെയാണ് പദ്ധതികൾ.
സംസ്ഥാന സർക്കാർ ശബരിമലയിൽ ബിഒടി അടിസ്ഥാനത്തിൽ റോപ്പ്വേ നിർമ്മിക്കാൻ നീക്കങ്ങൾ നടക്കുന്ന സമയത്താണ് കേന്ദ്ര പദ്ധതി വരുന്നത്. പമ്പയിൽ നിന്ന് സന്നിധാനം വരെ 2.9 കി.മീ. ഇതിനുള്ള ആസൂത്രണം 18 വർഷമായി നടക്കുന്നുണ്ട് . വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് കാരണം പദ്ധതി വൈകുകയാണ്. അതേസമയം, കേന്ദ്ര പദ്ധതിയെക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. പദ്ധതിയുമായി സംസ്ഥാനം മുന്നോട്ട് പോകുന്നുണ്ടെന്നും കേന്ദ്ര പദ്ധതിയുടെ വിശദാംശങ്ങൾ തനിക്ക് അറിയില്ലെന്നും ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

