തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. എസ്പി എസ് ശശിധരൻ വാസുവിന്റെ മൊഴി രേഖപ്പെടുത്തി. വാസുവിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റിന് ശേഷമായിരുന്നു ഇത്. ഉദ്യോഗസ്ഥർക്ക് പുറമേ ബോർഡിലെ ഉന്നതരിലേക്കും അന്വേഷണം നീളുന്നുണ്ടെന്നതിന്റെ സൂചനയാണിത്.
സുധീഷ് കുമാറിനെ കോടതി റിമാൻഡ് ചെയ്തു. സുധീഷ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ എസ്ഐടി മുൻ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഇതിനിടയിലാണ് വാസുവിനെ ചോദ്യം ചെയ്തത്. മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവരെയും ചോദ്യം ചെയ്യും. ഇതിനുശേഷം അവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുമുണ്ട്.
2019-ൽ ബോർഡിന്റെ തീരുമാനം മറികടന്ന് ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വർണ്ണം പൂശിയ ഷീറ്റുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയായിരുന്നു. 2020-ൽ അവർ വിരമിച്ചു. സ്വർണ്ണം പൂശിയ ഷീറ്റുകൾ നീക്കം ചെയ്യുമ്പോൾ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു മേൽനോട്ടം വഹിക്കാൻ ഉണ്ടായിരുന്നില്ല.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ പോയി ഷീറ്റുകളുടെ ഭാരം പരിശോധിക്കാത്ത മറ്റൊരു മുൻ തിരുവാഭരണം കമ്മീഷണർ ആർ ജി രാധാകൃഷ്ണൻ, മുൻ എക്സിക്യൂട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ രാജേന്ദ്രൻ നായർ എന്നിവരെയും ചോദ്യം ചെയ്യും. ആദ്യം ഓരോത്തരായും പിന്നീട് ഒരുമിച്ചും ചോദ്യം ചെയ്യാനാണ് നീക്കം.

