കൊച്ചി : മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസ്സായിരുന്നു. ദീർഘനാളായി ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ നില വഷളായിരുന്നു.
നാലു തവണ എംഎൽഎയായ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ ജീവിതത്തിൽ രണ്ടുതവണ മന്ത്രിയായി സേവനമനുഷ്ഠിച്ചു. എംഎസ്എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്ന് മത്സരിച്ച അദ്ദേഹം 2011, 2016 വർഷങ്ങളിൽ കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി നിയോജകമണ്ഡലത്തിലെ അവസാന എംഎൽഎയും കളമശ്ശേരി നിയോജകമണ്ഡലത്തിലെ ആദ്യ എംഎൽഎയുമായിരുന്നു അദ്ദേഹം.
2005 മുതൽ 2006 വരെ വ്യവസായ, സാമൂഹികക്ഷേമ മന്ത്രിയായും പിന്നീട് 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) മന്ത്രിയായും ഇബ്രാഹിം കുഞ്ഞ് സേവനമനുഷ്ഠിച്ചു. 2001–2006 യുഡിഎഫ് സർക്കാരിൽ പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് അദ്ദേഹം ആദ്യമായി സംസ്ഥാന മന്ത്രിസഭയിൽ പ്രവേശിച്ചത്. എറണാകുളം ജില്ലയിലെ ആലങ്ങാട്ടുള്ള കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗിൽ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയിൽ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഭാര്യ നദീറ, മക്കൾ അഡ്വ. അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് . മൂത്ത മകൻ അഡ്വ. അബ്ദുൾ ഗഫൂർ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.

