കൊല്ലം ; മുൻ സർക്കാർ പ്ലീഡർ പിജി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത് . നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനു.
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ മനു ജാമ്യ കാലയളവിൽ മറ്റൊരു സ്ത്രീയെ ആക്രമിച്ചെന്നും കേസ് വന്നിരുന്നു. ഇതോടെ പി.ജി. മനു കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തി മാപ്പ് പറഞ്ഞു. ഇതിന്റെ ദൃശ്യം കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു.
കേസ് ചർച്ച ചെയ്യാനെന്ന വ്യാജേന തന്നെ ഓഫീസിലേയ്ക്ക് വിളിച്ചതിന് ശേഷം പീഡിപ്പിച്ചുവെന്നാണ് ആദ്യ പരാതിക്കാരി ആരോപിച്ചത് . അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്.
ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തി. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.

