തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, രാധ കുമാരി എന്നിവർ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളാണ് ദിയ കൃഷ്ണ.
ദിയയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ നിന്ന് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. വിനീത , രാധ കുമാരി , ദിവ്യ എന്നിവർക്കെതിരെയാണ് കേസ്. ക്യുആർ കോഡിൽ കൃത്രിമം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. സ്ത്രീകൾ കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോ ദിയ നേരത്തെ പുറത്തുവിട്ടിരുന്നു. മൂന്ന് ജീവനക്കാർ 10 മാസത്തിനിടെ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
പിന്നീട് മൂവരും കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പോലീസിൽ പരാതി നൽകി. സാമ്പത്തിക തട്ടിപ്പ് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച് അവർ മ്യൂസിയം പോലീസിലാണ് പരാതി നൽകിയത്. ഈ പരാതി പിന്നീട് വ്യാജമാണെന്ന് കണ്ടെത്തി. ജീവനക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പരാതിക്കാരെ തട്ടിക്കൊണ്ടുപോയെന്ന ആരോപണമല്ലാതെ മറ്റൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.

