കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ . സജീവ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് ചർച്ചകൾ അവസാനിപ്പിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടാൽ ആ സ്ഥാനം ഏറ്റെടുക്കാനും ഐ എം വിജയൻ ആഗ്രഹം പ്രകടിപ്പിച്ചു, എന്നാൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുകയോ ഒരു പാർട്ടിയെയും പ്രതിനിധീകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതൻ തന്നോട് നേരിട്ട് സംസാരിച്ചതായും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ക്ഷണിച്ചതായും ഐ.എം. വിജയൻ വെളിപ്പെടുത്തി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഇക്കാര്യം തന്നോട് ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “മൂന്ന് പ്രധാന മുന്നണികളുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അതിനാൽ ഒരു പ്രത്യേക പാർട്ടിയുടെ ഭാഗമാകാൻ എനിക്ക് പരിമിതികളുണ്ട്. പി.ടി. ഉഷയെപ്പോലെ ഒരു എംപിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഏത് പാർട്ടി സീറ്റും ഞാൻ സ്വീകരിക്കും. പക്ഷേ അത് സ്പോർട്സിന്റെ പേരിലായിരിക്കണം. ഞാൻ ഒരു പാർട്ടിക്കുവേണ്ടി മാത്രം നിലകൊള്ളില്ല. എനിക്ക് എല്ലാവരുടെയും സ്നേഹം വേണം.” ഐ.എം. വിജയൻ പറഞ്ഞു.
.

