ന്യൂഡൽഹി: ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ തടങ്കൽ എൻഎസ്എ പ്രകാരം അടിയന്തര പ്രാബല്യത്തോടെ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഏകദേശം ആറ് മാസത്തെ തടങ്കലിന് ശേഷമാണ് സോനം ജയിൽ മോചിതനാകുന്നത്. ദേശീയ സുരക്ഷാ ആക്ട് അധികാരങ്ങൾ ഉപയോഗിച്ച്, സോനം വാങ്ചുകിനെ യാതൊരു ഉപാധികളും കൂടാതെ ഉടൻ മോചിപ്പിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
ലഡാക്കിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. ലേയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളെത്തുടർന്ന് ലേ ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ച്, കഴിഞ്ഞ വർഷം 2025 സെപ്റ്റംബർ 26 നാണ് വാങ്ചുകിനെ എൻഎസ്എ പ്രകാരം കസ്റ്റഡിയിലെടുത്തത്.
സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിന് സംസ്ഥാന പദവി, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തൽ, ഭൂമി അവകാശങ്ങൾ, ജോലികൾ, ഭരണഘടനാ സംരക്ഷണം എന്നിവ ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധങ്ങൾ.അദ്ദേഹത്തിന്റെ മോചനത്തിനായി നിരവധി പ്രതിപക്ഷ പാർട്ടികൾ അന്ന് ശബ്ദമുയർത്തിയിരുന്നു.
വാങ്ചുകിന്റെ മോചനത്തെക്കുറിച്ചുള്ള പ്രസ്താവനയും ഇന്ന് സർക്കാർ പുറത്തിറക്കി . ലഡാക്കിൽ സമാധാനത്തിന്റെയും സ്ഥിരതയുടെയും പരസ്പര വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു . അതുവഴി എല്ലാ കക്ഷികളുമായും അർത്ഥവത്തായതും ക്രിയാത്മകവുമായ സംഭാഷണം നടത്താൻ കഴിയുമെന്നും പ്രസ്താവനയിൽ പറയുന്നു.

