കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ജിം സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം കരുനാഗപ്പള്ളിയിൽ വച്ച് അതുലിനെ ആക്രമിക്കുകയായിരുന്നു. മുൻ വൈരാഗ്യത്തിന്റെ ഭാഗമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത് . അടുത്തിടെയാണ് അതുൽ ജാമ്യത്തിലിറങ്ങിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരക്കേറിയ റോഡിൽ അക്രമികൾ അതുലിനെ കാറിൽ നിന്ന് വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇന്നോവ കാറിൽ എത്തിയ അക്രമികൾ അതുൽ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന്, അതുലിന്റെ കാർ നിയന്ത്രണം വിട്ട് ദേശീയപാത നിർമ്മാണത്തിനായി കുഴിച്ച കുഴിയിലേക്ക് വീഴുകയും ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിലെ പ്രധാന പ്രതിയാണ് അതുൽ . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.2025 മാർച്ച് 27നാണ് പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ് കുമാറെന്ന ജിം സന്തോഷ് കൊല്ലപ്പെട്ടത്. പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം അമ്മ ഓമനയുടെ മുന്നിൽ വച്ചാണ് സന്തോഷിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

