തിരുവനന്തപുരം : നവകേരളയാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ . പൊലീസ് ആസ്ഥാനത്ത് നിന്ന് ഇവരെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. പിണറായിയുടെ ഗണ്‍മാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി.
25 വർഷമായി പിണറായി വിജയന്റെ ഗണ്‍മാനാണ് അനിൽ കുമാർ. 2023 ൽ ആലപ്പുഴയിൽ ഉണ്ടായിരുന്ന സംഭവത്തിൽ എസ് ഐ ടി റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തിനു കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പ്രതിഷേധക്കാരെ നേരിടാൻ ഗണ്മാന്മാർ ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും , പ്രവർത്തകരെ മർദ്ദിച്ചത് കുറ്റകൃത്യമായി കണക്കാക്കി ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്നും എസ് ഐ ടി റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 5 ന് നവകേരള സദസ് പരിപാടിയ്ക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിനു മുന്നിൽ പ്രതിഷേധിച്ച കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെയാണ് മുഖ്യമന്ത്രിയുടെ ഗണ്‍മാനും സംഘവും ചേർന്ന് മർദ്ദിച്ചത് .

