തിരുവല്ല: പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വിൽപ്പന നടത്തിയ പിതാവ് അറസ്റ്റിൽ . പത്തനംതിട്ടയിലെ തിരുവല്ല സ്വദേശി മുഹമ്മദ് ഷമീർ ആണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ദീപ ജംഗ്ഷനു സമീപമുള്ള വീട്ടിൽ നിന്നാണ് ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും എംഡിഎംഎ വിൽക്കാൻ ഷമീർ തന്റെ മകനെ ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഷമീർ പ്ലാസ്റ്റിക് കവറുകളിൽ എംഡിഎംഎ പൊതിഞ്ഞ് സെല്ലോ ടേപ്പ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ ഒട്ടിക്കാറുണ്ടായിരുന്നു. തുടർന്ന് കുട്ടിയെ വസ്ത്രം ധരിപ്പിച്ച് കാറിലോ സ്കൂട്ടറിലോ കൊണ്ടുപോയി മയക്കുമരുന്ന് ആവശ്യപ്പെടുന്നവർക്ക് എത്തിച്ചു നൽകും . കർണാടകയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഷമീർ മയക്കുമരുന്നും എംഡിഎംഎയും കൊണ്ടുവന്നിരുന്നതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ആറ് മാസമായി പോലീസും ഡാൻസാഫ് സംഘവും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളുടെ ഫോണും പോലീസ് പിടിച്ചെടുത്തു.