ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതൃത്വത്തിന് മേൽ ക്രിമിനൽ ഗ്രൂപ്പുകൾ പിടിമുറുക്കിയിട്ടുണ്ടെന്ന് മുതിർന്ന പാർട്ടി നേതാവ് ജി സുധാകരൻ . തിരഞ്ഞെടുപ്പുകളിൽ രണ്ട് ടേം എന്ന നിയമം ചിലർ പാലിക്കുന്നില്ലെന്നും പിണറായി വിജയനെ ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു.പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇപ്പോഴത്തെ മന്ത്രിമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്നും അവഗണന നേരിടുന്നു. പെരുമ്പളം പാലത്തിന്റെ പത്രസമ്മേളനത്തിൽ എന്റെ പേര് പരാമർശിച്ചില്ല. മുൻ എംപി എ എം ആരിഫും ദലീമ ജോജോ എംഎൽഎയും എന്റെ മുൻകാല സംഭാവനകൾ മറന്നു. വൈറ്റില പാലം പൊളിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന എന്നോടോ പൊതുമരാമത്ത് മന്ത്രിയോടോ ആലോചിക്കാതെയാണ് നടത്തിയത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു വർഗീയവാദിയല്ല. ആലപ്പുഴ ജില്ലയിലെ പാർട്ടിയിൽ ക്രിമിനൽ സംഘങ്ങളുണ്ട്. തന്നെ നേതൃത്വത്തിൽ നിന്ന് മാറ്റി നിർത്തിയെന്നും ജി സുധാകരൻ പറഞ്ഞു. നേരത്തെയും ആലപ്പുഴയിലെ പാർട്ടി നേതൃത്വത്തിനെതിരെ സുധാകരൻ രംഗത്ത് വന്നിരുന്നു.
ഫേസ്ബുക്കിലൂടെ പാർട്ടിപ്രവർത്തകർ തന്നെ അധിക്ഷേപിക്കുന്നു. തനിക്ക് അധികാരമോഹമെന്നും പാർലമെന്ററി മോഹമെന്ന് പ്രചരിപ്പിച്ചു. അവർക്കെതിരെ നടപടി എടുക്കണം. ജില്ലാ സെക്രട്ടറി നാസറും സജി ചെറിയാനും തനിക്കെതിരെ പരസ്യപ്രവർത്തനം നടത്തി.കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടിക്കും തന്നെ വിളിച്ചിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

