വാഷിംഗ്ടൺ: ഇറാനിൽ തകർന്നുവീണ യുദ്ധവിമാനത്തിൽ നിന്ന് കാണാതായ പൈലറ്റിനെ കണ്ടെത്തിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ധീരമായ ഓപ്പറേഷനുകളിലൊന്നാണ് നടന്നതെന്നും പൈലറ്റ് സുരക്ഷിതനാണെന്നും ട്രംപ് പറഞ്ഞു. ഇന്നലെ തെക്കുപടിഞ്ഞാറൻ ഇറാനിൽ വെടിവച്ചിട്ട യുഎസ് എഫ്-15 യുദ്ധവിമാനത്തിന്റെ പൈലറ്റിനായി ഇറാൻ സൈന്യവും തിരച്ചിൽ നടത്തിയിരുന്നു.
പൈലറ്റിനെ ഇറാൻ പിടികൂടിയാൽ അത് യുഎസിന് ദോഷകരമാകുമെന്ന് ഉറപ്പുള്ളതുകൊണ്ട് തന്നെ ട്രംപിന്റെ ഉത്തരവനുസരിച്ചാണ് പൈലറ്റിനായി വൻ തിരച്ചിൽ നടത്തിയത്. ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങളാണ് പൈലറ്റിനെ കണ്ടെത്താൻ യുഎസ് അയച്ചത് .
‘യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ തിരച്ചിൽ. ഒടുവിൽ, ഞങ്ങൾ അദ്ദേഹത്തെ കണ്ടെത്തി. ഇറാനിൽ കാണാതായ കേണൽ പദവി വഹിച്ചിരുന്ന പൈലറ്റ് ഇപ്പോൾ സുരക്ഷിതനാണ്. ഇത് അറിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഇറാനിലെ പർവതനിരകളിൽ ഈ ധീര യോദ്ധാവ് മണിക്കൂറുകൾ ചെലവഴിച്ചു.
എന്റെ നിർദ്ദേശപ്രകാരം ലോകത്തിലെ ഏറ്റവും മാരകമായ ആയുധങ്ങൾ ഘടിപ്പിച്ച ഡസൻ കണക്കിന് വിമാനങ്ങൾ സൈന്യം അദ്ദേഹത്തെ തിരയാൻ അയച്ചു. അദ്ദേഹത്തിന് പരിക്കേറ്റു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കും. ഇന്നലെ മറ്റൊരു പൈലറ്റിനെ സമാനമായ രീതിയിൽ യുഎസ് സൈന്യം രക്ഷപ്പെടുത്തി.
നമ്മുടെ രാജ്യത്തെ ഒരു യോദ്ധാവിനെയും ഞാൻ ഉപേക്ഷിക്കില്ല. ഒരു അമേരിക്കക്കാരൻ പോലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യാതിരിക്കാൻ ഞങ്ങൾ കഴിയുന്നതെല്ലാം ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാണ് നമുക്കുള്ളത്,’ ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

