കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിനെ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് മാറ്റി. നിലവിലെ ആലപ്പുഴ ജില്ലാ കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനെ എറണാകുളത്തേക്ക് മാറ്റി. മറ്റ് നാല് ജഡ്ജിമാരെയും സ്ഥലം മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്.സാധാരണ മൂന്നു വർഷത്തിലൊരിക്കൽ ജഡ്ജിമാർക്ക് സ്ഥലം മാറ്റം ഉണ്ടാകാറുണ്ടെങ്കിലും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ടുപോയതിനാൽ ഹണി എം.വർഗീസിന് സ്ഥലം മാറ്റം ഉണ്ടായിരുന്നില്ല.
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിച്ചതിനെത്തുടർന്ന്, ഹണി എം വർഗീസിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു . മെമ്മറി കാർഡ് ദുരുപയോഗം ചെയ്തതിൽ ശരിയായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നും വിമർശനമുണ്ടായി . നടിയെ ആക്രമിച്ച കേസിൽ നിന്ന് ജഡ്ജിയെ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
സിബിഐ സെപ്ഷ്യൽ കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ് 2019 ലാണ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രത്യേക ജഡ്ജിയായി എത്തുന്നത്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പിന്നീട് ഹണി എം വർഗീസ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായപ്പോൾ കേസ് അവിടെയ്ക്ക് മാറ്റുകയും ചെയ്തു. വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2025 ഡിസംബറിൽ വിധി പ്രഖ്യാപിച്ചു. കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെട്ട ഒന്നു മുതൽ ആറു വരെ പ്രതികളെ 20 വർഷം കഠിനതടവിനു ശിക്ഷിച്ചപ്പോൾ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപ് അടക്കം നാലു പേരെ വെറുതേ വിടുകയും ചെയ്തു.

