കോട്ടയം: ക്ഷേത്രോത്സവങ്ങളിൽ തലയെടുപ്പോടെ നിന്ന കൊമ്പൻ, ഈരാറ്റുപേട്ട അയ്യപ്പൻ (55) ചരിഞ്ഞു . ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള അയ്യപ്പൻ ഇതിനുള്ള ചികിത്സയിലായിരുന്നു. ഏറെ ആരാധകരുള്ള കൊമ്പനായിരുന്നു അയ്യപ്പൻ . കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവന്പറമ്പില് വീടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് അയ്യപ്പന്. കോടനാട് ആന സങ്കേതത്തിൽ നിന്ന് ലേലം ചെയ്ത അവസാന ആനകളിൽ അയ്യപ്പനും ഉൾപ്പെടുന്നു
ലേലത്തിലൂടെയാണ് പരവന്പറമ്പില് വീട്ടിൽ അയ്യപ്പൻ എത്തിയത് . താമസിയാതെ, ഈരാറ്റുപേട്ട അയ്യപ്പൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വെള്ളുകുന്നേലിലെ പരവൻപറമ്പിൽ ജോസഫ് തോമസും ഭാര്യ ഈത്തമ്മയും ചേർന്നാണ് അയ്യപ്പനെ വാങ്ങിയത്. 1977 ഡിസംബർ 20 ന് ലേലത്തിൽ വാങ്ങിയപ്പോൾ അയ്യപ്പന് ഏഴ് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ . അന്ന് ആരാം എന്നായിരുന്നു പേര്.
ചുരുങ്ങിയ സമയത്തിനുള്ളിൽ, ആന നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവനായി മാറി. ഗജരാജാവ്, ഗജോത്തമൻ, ഗജരത്നം, കളഭകേസരി, തിരുവിതാംകൂർ ഗജശ്രേഷ്ഠൻ, ഐരാവതശമൻ തുടങ്ങിയ നിരവധി പട്ടങ്ങളും അയ്യപ്പൻ നേടിയിട്ടുണ്ട്.

